02:02am 21 October 2026
NEWS
കെ.സി.വേണുഗോപാലിന് ടി കെ മാധവൻ സ്‌മാരക ദേശീയോദ്ഗ്രഥന പുരസ്‌കാരം
03/10/2026  08:56 PM IST
nila
കെ.സി.വേണുഗോപാലിന് ടി കെ മാധവൻ സ്‌മാരക ദേശീയോദ്ഗ്രഥന പുരസ്‌കാരം


ആലപ്പുഴ: സാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലൂടെ ചരിത്രപുരുഷനായ ദേശാഭിമാനി ടി.കെ മാധവന്റെ സ്മരണയ്ക്കായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ദേശീയോദ്ഗ്രഥന പുരസ്‌കാരം' കോൺഗ്രസിന്റെ ദേശീയ നേതാവും ആലപ്പുഴ എംപിയുമായ കെ.സി.വേണുഗോപാലിന്.  ട്രസ്റ്റ് ഭാരവാഹികളായ പി.ടി സ്‌കറിയ, ടി.എൻ ബോബകുമാർ, എം എം മോഹൻദാസ് എന്നിവർ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിലാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. 

 ഇന്ത്യ എന്ന സ്വതന്ത്ര മതനിരപേക്ഷ രാഷ്ട്രം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന കാലഘട്ടത്തിൽ രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളേയും ഭരണഘടനയെയും കാത്ത് സംരക്ഷിക്കുവാൻ അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന പൊതുപ്രവർത്തകനും, നേതാവും എന്നതാണ് കെ.സി വേണുഗോപാലിനെ ദേശീയോദ്ഗ്രഥന അവാർഡിന് അർഹനാക്കിയത്.

 ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി ടി.കെ മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്ക‌ാരം. ദേശീയ രാഷ്ട്രീയ രംഗത്ത് സജീവമായ ഇടപെടൽ നടത്തുന്ന മലയാളികളായ പൊതുപ്രവർത്തകരുടെ പട്ടികയിൽ നിന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരായ പി.റ്റി.ചാക്കോ, കെ.ജി.മുകുന്ദൻ തഴക്കര, ചെറുകര സണ്ണി ലൂക്കോസ് എന്നിവരടങ്ങിയ ജൂറി, പുരസ്‌കാര നേതാവിനെ തിരഞ്ഞെടുത്തത്.
 ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു മലയാളിയും നിർവഹിച്ചിട്ടില്ലാത്ത അത്ര നിസ്‌തുലമായ സംഭാവനയാണ് കെ.സി. വേണുഗോപാൽ നിർവഹിക്കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
             പുരസ്കാരം   ഒക്ടോബറിൽ കുട്ടനാട്ടിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കുമെന്ന് ടി.കെ.മാധവൻ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img